bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കെഎംസിസി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും സമൂഹ രക്തദാനവും ആഗസ്റ്റ് 2ന്

IMG_20190727_133946-01

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും 29മത് ജീവസ്പര്‍ശം രക്തദാന ക്യാമ്പും ആഗസ്റ്റ് 2ന് വെള്ളിയാഴ്ച നടക്കുമെന്നും ഇതിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമൂഹ രക്തദാനം വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്‍ററിലാണ് നടക്കുന്നത്.
അന്ന് രാത്രി അനുസ്മരണ സമ്മേളനം മനാമ കെ.എം.സി.സി ഹാളില്‍ വെച്ചു നടക്കുന്നതാണ്. ബഹ്റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും.

മനാമയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റായ ബിഗ്ബിയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ രക്തദാന ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ‘സുരക്ഷിത രക്തം എല്ലാവര്‍ക്കും’ എന്നതാണ് ഈ വര്‍ഷത്തെ ലോക രക്തദാന സന്ദേശം. സമൂഹ രക്ത ദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്ന പേരില്‍ കെ എം സി സി നിരവധി വര്‍ഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാമ്പിന്‍റെ സവിശേഷത .ഇതിലൂടെ പൊതുസമൂഹത്തില്‍ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .

പ്രവാസികളായ മലയാളികള്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും സ്വദേശികളുള്‍പ്പടെ പാകിസ്ഥാന്‍, ബംഗ്ളാദേശ് , ഫിലിപ്പിന്‍സ് തുടങ്ങി വിവിധ രാജ്യക്കാരും രക്തദാന സന്നദ്ധരായി എത്താറുണ്ട്. ബഹ്റൈനിലെ സല്‍മാനിയ്യ, ബി.ഡി.എഫ്, മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റലുകളിലായി 20 രക്തദാന ക്യാമ്പുകളും 8 എക്സ്പ്രസ് ക്യാമ്പുകളും കഴിഞ്ഞ 10 വര്‍ഷമായി നിര്‍വ്വഹിച്ചു.

2009ലാണ് രക്തദാന പദ്ധതി ആരംഭിച്ചത്. രോഗം, അപകടം തുടങ്ങിയ കാരണങ്ങളാല്‍ രക്തം ആവശ്യമായി വരുന്ന അടിയന്തിര ഘട്ടങ്ങളില്‍ ജീവരക്ഷക്കായി സഹായിക്കുക എന്നതാണ് ഇത്തരം സംരംഭം കൊണ്ട് ഉദ്ധേശിക്കുന്നത്. കഴിഞ്ഞ ക്യാംപുകളില്‍ ഇതിനകം നാലായിരത്തിലധികം പേരാണ് കെ എം സി സി യുടെ ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി രക്ത ദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി വെബ് സൈറ്റും ജീവസ്പര്‍ശം എന്നപേരില്‍ പ്രത്യേകം ആപ്പും ആരംഭിച്ചിട്ടുണ്ട് .

ബഹറൈനില്‍, രക്തദാന ത്തിന്‍റെ സന്ദേശം ഇത്രയധികം പ്രാധാന്യത്തോടെ ജനങ്ങളില്‍ എത്തിക്കുവാനായി വളരെ വിപുലമായ രീതിയില്‍ വിവര ശേഖരണം നടത്തി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് കെ എം സി സി മാത്രമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെതുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ഇതിനകം കെ എം സി സിക്ക് ലഭിച്ചിട്ടുണ്ട്.

കേരളത്തിലും സി.എച്ച് സെന്‍റര്‍, സ്പര്‍ശം ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുമായി സഹകരിച്ചു കൊണ്ട് പ്രവര്‍ത്തനം നടത്തി വരുന്നു. നിര്‍ദ്ധനരായ ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്കായി പ്രവാസി ബൈത്തുറഹ്മ, ജീവജലം കുടിവെള്ള പദ്ധതി , തണല്‍ ഭവന പദ്ധതി , സമൂഹ വിവാഹം , അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതി , സി.എച്ച് സെന്‍റര്‍ മുഖേന ഐ.സി.യു ആംബുലന്‍സ് സര്‍വ്വീസ്, ശിഹാബ് തങ്ങള്‍ പ്രവാസി പെന്‍ഷന്‍ പദ്ധതി , റിലീഫ് സെല്‍, വിദ്യാഭ്യാസ സഹായങ്ങള്‍ , മയ്യിത്ത് പരിപാലന സേവനങ്ങള്‍, ബിസിനസ് മീറ്റുകള്‍, ഈദ് സംഗമങ്ങള്‍ , ദേശീയദിനാഘോഷ പരിപാടികള്‍ തുടങ്ങി വിവിധങ്ങളായ സേവന ഇതര പ്രവര്‍ത്തനങ്ങളാണ് പ്രവാസി സമൂഹത്തിനും മറ്റുമായി കെ എം സി സി ബഹ്റൈന്‍ നടത്തികൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 39881099, 33210288, 39258266, 39841984, 36300291 എന്നീ നമ്പറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവര്‍ 33189006, 38499146 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ടി.പി മുഹമ്മദലി (ആക്ടിംങ് പ്രസി. കെ.എം.സി.സി), അസൈനാര്‍ കളത്തിങല്‍ (ജന.സെക്ര. കെ.എം.സി.സി), മുസ്ഥഫ കെ.പി (ചെയര്‍മാന്‍, ജീവ സ്പര്‍ശം), എ.പി ഫൈസല്‍ (ജന.കണ്‍വീനര്‍, ജീവ സ്പര്‍ശം), ഫൈസല്‍ കോട്ടപ്പള്ളി (കണ്‍വീനര്‍, ജീവ സ്പര്‍ശം), ശിഹാബ് പ്ലസ്(മീഡിയ ചെയര്‍മാന്‍ ജീവ സ്പര്‍ശം) തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!