മനാമ: ലോക തൊഴിലാളി ദിനത്തിൽ മനാമ സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികൾക്ക് സാന്ത്വനവുമായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA). ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് തൊഴിലാളികൾക്ക് പ്രയോജനകരമായി.
സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികളെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് ക്യാമ്പ് നടത്തിയത്. ഇന്ത്യക്കാർക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളും അറബികളും ഉൾപ്പെടെ മുന്നൂറിലധികം പേർ ക്യാമ്പിൽ പരിശോധനകൾ നടത്തി ഡോക്ടർമാരുടെ സേവനം തേടി. രാവിലെ 6 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 12 മണിയോടെയാണ് സമാപിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് അനീഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിഫ അൽ ജസീറ ഹോസ്പിറ്റൽ മാനേജ്മെന്റിന് എം.സി.എം.എ ട്രഷറർ മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി ഷബീർ പൂനൂർ, ട്രഷറർ ലത്തീഫ് മരക്കാട്ട്, ഭാരവാഹികളായ മുനീർ, ഷഫീൽ, ഷമീർ, സലീം, യോഗേഷ്, നജീബ്, മജീദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിസാം, ജസീർ, അഷറഫ് കാപ്പാട്, ബഷീർ ഉള്ളിയേരി തുടങ്ങിയ വളണ്ടിയർമാർ ക്യാമ്പ് നിയന്ത്രിച്ചു. ക്യാമ്പിനോട് സഹകരിച്ച ഷിഫ അൽ ജസീറ ഹോസ്പിറ്റൽ അധികൃതർക്കും അംഗങ്ങൾക്കും സെക്രട്ടറി നന്ദി അറിയിച്ചു.








