മനാമ: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന ജയം. 860 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയപ്പോൾ സ്കൂൾ 99.99% എന്ന ശ്രദ്ധേയമായ വിജയശതമാനം കൈവരിച്ച് അക്കാദമിക് മികവിനോടുള്ള അവരുടെ പ്രതിബദ്ധത വീണ്ടും തെളിയിച്ചു. 500 ൽ 498 മാർക്ക് (99.6%) നേടിയ ഹർഷ് ബാബർവൽ സ്കൂൾ ടോപ്പറായി. ദീപ്ശിഖാ കിഷോർ 493 മാർക്ക് (98.6%) നേടി രണ്ടാം സ്ഥാനവും ദുർഗ നീലകണ്ഠൻ കവിത 492 മാർക്ക് (98.4%) നേടി മൂന്നാം സ്ഥാനവും വൈവരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, ഒഫീഷ്യേറ്റിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ അഭിനന്ദിച്ചു.
ഈ മികവാർന്ന പരീക്ഷാഫലം അക്കാദമിക മികവിനായുള്ള ഇന്ത്യൻ സ്‌കൂളിന്റെ നിരന്തരമായ പരിശ്രമത്തെയും വിദ്യാർത്ഥികളുടെ ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. സ്കൂളിന്റെ അക്കാദമിക പിന്തുണാ സംവിധാനങ്ങളുടെ ഫലപ്രാപ്തിയും വിദ്യാർത്ഥികളെ അവരുടെ ഉയർന്ന കഴിവുകൾ കൈവരിക്കുന്നതിന് നിരന്തരം പ്രചോദിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരുടെ സമർപ്പണവും ഈ ശ്രദ്ധേയമായ പ്രകടനം തെളിയിക്കുന്നുവെന്ന് സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ പറഞ്ഞു. അക്കാദമികമായി മികവ് പുലർത്തുന്ന മികച്ച പഠിതാക്കളെ വളർത്തിയെടുക്കുകയെന്ന സ്കൂളിന്റെ കാഴ്ചപ്പാടിനെ തിളക്കമാർന്ന പരീക്ഷാഫലം വീണ്ടും ഉറപ്പിക്കുന്നുവെന്ന് അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾക്ക് അനുസൃതമായി,സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി രണ്ടു ബോർഡ് പരീക്ഷാ അവസരങ്ങൾ നൽകിയിരുന്നു. മെയിൻ പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയും രണ്ടാം പരീക്ഷ മെയ് 15 മുതൽ മെയ് 21 വരെയും നടന്നു.
പരീക്ഷാ ഫലത്തിന്റെ പ്രധാന സവിശേഷതകൾ
- 187 വിദ്യാർത്ഥികൾ (21.7%) മൊത്തം 90% ഉം അതിൽ കൂടുതലും നേടി
- 529 വിദ്യാർത്ഥികൾ (61.5%) മൊത്തം 75% ഉം അതിൽ കൂടുതലും നേടി
- 732 വിദ്യാർത്ഥികൾ (85.1%) മൊത്തം 60% ഉം അതിൽ കൂടുതലും നേടി വിവിധ വിഷയങ്ങളിലെ സവിശേഷ നേട്ടങ്ങൾ :
- മാത്തമാറ്റിക്സ് : 7 വിദ്യാർത്ഥികൾക്ക് 100
- ഉറുദു: 3 വിദ്യാർത്ഥികൾക്ക് 100
- സോഷ്യൽ സയൻസ് : 1 വിദ്യാർത്ഥിക്ക് 100
- ഇംഗ്ലീഷ്: 1 വിദ്യാർത്ഥിക്ക് 100
- സയൻസ് : 1 വിദ്യാർത്ഥിക്ക് 100
- സംസ്കൃതം: 1 വിദ്യാർത്ഥിക്ക് 100
- ഹിന്ദി: 1 വിദ്യാർത്ഥിക്ക് 100
- തമിഴ്: 3 വിദ്യാർത്ഥികൾക്ക് 99
- മലയാളം: 2 വിദ്യാർത്ഥികൾക്ക് 99
- അറബിക്: 1 വിദ്യാർത്ഥിക്ക് 99
- ഫ്രഞ്ച്: 4 വിദ്യാർത്ഥികൾക്ക് 98
വിദ്യാർത്ഥികളുടെ സമർപ്പണത്തിനും സ്ഥിരോത്സാഹത്തിനും, മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയ്ക്കും, അധ്യാപക ഫാക്കൽറ്റിയുടെ അക്ഷീണ പരിശ്രമത്തിനും ഈ മികച്ച ഫലങ്ങൾ തെളിവാണ്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും സമഗ്രമായ അക്കാദമിക വികസനം കെട്ടിപ്പടുക്കുന്നതിനുമുള്ള സ്കൂളിന്റെ പ്രതിബദ്ധതക്ക് ഈ നേട്ടം അടിവരയിടുന്നു.









