മനാമ: വീ-കെയര്‍ ഫൗണ്ടേഷന് ചികിത്സാ ധനസഹായം കൈമാറി. കാന്‍സര്‍ ബാധിതനായ പാലക്കാട് സ്വദേശി മണികണ്ഠനാണ് സഹായം കൈമാറിയിരിക്കുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയും, വാദ്യകലാരംഗത്തു തന്റേതായ മുഖമുദ്ര പതിപ്പിച്ചുട്ടള്ളതുമായ വ്യക്തിയാണ് മണികണ്ഠന്. ഭാര്യയും, രണ്ടു കുഞ്ഞു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അദ്ദേഹം ചികിത്സാ ചെലവുകള്‍ക്കായി ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് മനസിലാക്കിയാണ് വീ-കെയര്‍ ഫൗണ്ടേഷന് സഹായമെത്തിച്ചത്.
മുന്‍കാലങ്ങളിലെന്നപോലെ, ഈ ദുരിത കാലഘട്ടത്തിലും, നന്മയുടെ ഉറവ വറ്റാത്ത മനുഷ്യസ്നേഹികള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കിയതിനാലാണ് മണികണ്ഠന് ചെറിയൊരു കൈത്താങ്ങ് നല്കാന് സംഘടനയ്ക്ക് കഴിഞ്ഞതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിലും സഹായവുമായി മുന്പോട്ടുവന്ന ഏവര്‍ക്കും വീ കെയര്‍ ഫൗണ്ടേഷന്റെ പേരില്‍ നന്ദി രേഖപെടുത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.