മനാമ: ബഹ്‌റൈനിലേക്ക് വരുന്ന വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ഈദ് ദിനം മുതല്‍ കോവിഡ് പിസിആര്‍ പരിശോധന ഒഴിവാക്കിയതായി നാഷണൽ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡ് മുക്തരായവർക്കും ടെസ്റ്റിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഇവർ ‘ബി അവെയർ’ആപ്പിൽ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റു പുതിയ നിബന്ധനകളും ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. റസ്റ്റോറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈദ് മുതൽ കോവിഡ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർക്കും കോവിഡ് മുക്തരായവർക്കും മാത്രമായി പരിമിതപ്പെടുത്തും. ഇവരോടൊപ്പം വരുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. ഇവരും ‘ബി അവെയര്‍’ ആപ്പില്‍ ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇൻഡോർ സ്പോർട്സ് ഹാളുകൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, സിനിമാ ഹാളുകൾ, ഇൻഡോർ ജിംനേഷ്യങ്ങൾ, സ്പാ, ഇൻഡോർ വിനോദ ശാലകൾ, പൊതുപരിപാടികൾ നടക്കുന്ന ഹാളുകൾ, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും ഈ നിബന്ധനകൾ ബാധകമാണ്.
അതേസമയം, സാമൂഹിക അകലം പാലിച്ചുകൊണ്ട് റസ്റ്റോറൻറുകളിലും കഫേകളിലും എല്ലാവർക്കും പുറത്ത് ഭക്ഷണം നൽകാവുന്നതാണ്. ഔട്ട്ഡോർ ജിംനേഷ്യം, കളി മൈതാനങ്ങൾ, ഔട്ട്ഡോർ നീന്തൽക്കുളങ്ങൾ, ഔട്ട്ഡോർ വിനോദ ശാലകൾ, ഔട്ട്ഡോർ സിനിമാ ഹാളുകൾ എന്നിവക്കും ഇത് ബാധകമാണ്.
സാഹചര്യം വിലയിരുത്തി ഈ തീരുമാനങ്ങൾ പുനഃപരിശോധനക്ക് വിധേയമാണെന്നും ടാസ്ക് ഫോഴ്സ് കൂട്ടിച്ചേർത്തു.