മനാമ: ബഹ്‌റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോൻ-അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് സൽമാനിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഡെറിക്.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിലെ തുറന്നുകിടന്ന ജനലിലൂടെ കുട്ടി അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ കുട്ടിയെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരികാവയവങ്ങൾക്കേറ്റ പരിക്ക് ഗുരുതരമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ചികിത്സ നൽകിവരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഏക മകന്റെ വിയോഗം പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.









